Hits: 0
അബൂ അമീന് മലപ്പുറം
ഇമാം സൈനുല്‍ ആബിദീന്‍ അലിയ്യുബ്നു ഹുസൈന്(റ)..
അഹ്ലുബൈത്തിലെ പ്രശോഭിക്കുന്ന താരകം.
തിരു നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ കരളിന്റെ കഷ്ണമായ ഹുസൈന് (റ) വിന്റെ പ്രിയ പുത്രന്.
കര്‍ബലയില്‍ യസീദിന്റെ കിങ്കരന്മാര് തല്ലി കെടുത്താന്‍ ശ്രമിച്ച ഹുസൈനി പരമ്പരയെ, പ്രവാചക കുടുംബത്തെ ലോകത്തു കെടാതെ സൂക്ഷിച്ച പ്രകാശ വാഹകന്. ആദമു അഹ്ലുബൈത് എന്ന് വിശ്വപ്രസിദ്ധ ആത്മജ്ഞാനി ശൈഖുല്‍ അക്ബര്‍ മുഹ്യിദ്ധീനുബ്നു അറബി(റ) വിശേഷിപ്പിച്ച അതുല്യ വ്യക്തിത്വം.
കര്‍ബലയുടെ വിരിമാറില്‍ വെച്ച് ആത്മീയതയുടെ പിന്തുടര്ച്ചാവകാശം ഇമാം ഹുസൈന്(റ) ഏല്‍പ്പിച്ചത് സൈനുല്‍ ആബിദീന്‍ തങ്ങളെ ആയിരുന്നു. അഹ്ലുബൈത്തിലെ പുണ്യാത്മാക്കളുടെ ചോരമണക്കുന്ന കര്‍ബലയില്‍ ബാക്കിയായ ഹുസൈന്(റ) വിന്റെ ഏക പുത്രനാണ് ഇമാം അലി സൈനുല്‍ ആബിദീന്‍(റ ).
കരളലിയിപ്പിക്കുന്ന കര്‍ബലക്ക് ശേഷം ഈമാനിന്റെ കൈമാറ്റാധിക്കാരം മഹാനിലയിരുന്നു. പരിശുദ്ധ തൗഹീദിന്റെ ഉന്നതമായ ആ വഴി ഇന്നും ലോകത്ത് നിലനില്ക്കുന്നു. ശൈഖ് ജീലാനി (റ) വിലൂടെ കടന്നു വന്ന ആ പുണ്യ മാര്‍ഗ്ഗം ഖുത്ബുസ്സമാന്‍ ശൈഖ് യുസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി(ഖ.സി) മഹാനവര്‍കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഉസ്താദ് അബ്ബാസ് ഫൈസി വഴിക്കടവ് അടക്കമുള്ള ഖുത്ബുസ്സമാന്റെ ഖലീഫമാരിലൂടെ ഇന്നും നിലനില്ക്കുന്നു. ഈമാനിന്റെ വഴിയില്‍ പ്രവേശിച്ചു വിജയം വരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നും അതിനുള്ള മാര്‍ഗ്ഗം അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുണ്ട്.
അലിയ്യുബ്നു ഹുസൈന് (റ) എന്നാണ് മഹാനവര്‍കളുടെ യഥാര്‍ത്ഥ നാമം. സൈനുല്‍ ആബിദീന്‍, ഇമാം സജ്ജാദ് തുടങ്ങിയ നാമങ്ങളിലാണ് ഇമാം ശ്രദ്ധേയനായത്. ഇബാദത്തുകളിലായി രാപ്പകലുകള്‍ തള്ളിനീക്കുകയായിരുന്നു മഹാന്. ഒരു ദിവസം ആയിരം റക്അത് നിസ്കരിച്ചിരുന്നു. സജ്ജാദ് – കൂടുതല്‍ സൂജൂദ് ചെയ്യുന്നവര്‍ എന്ന ഓമനപ്പേരിന്റെ കാരണം അതായിരുന്നു.
തന്റെ പ്രിയ പിതാവും കൂടെപ്പിറപ്പുകളും കര്‍ബലയുടെ മണ്ണില്‍ ധീര രക്തസാക്ഷിത്വം വരിച്ചതിന് സാക്ഷിയായ അദ്ദേഹം ആ വിരഹ വേദനയില്‍ തന്നെയാണ് പിന്നീടുള്ള കാലം ജീവിച്ചത്.
ഹുസൈന് തങ്ങള്‍ക്ക് ഇറാനിലെ രാജകുമാരി ശാഹി സമന് എന്ന ശഹര്‍ബാനു ബീവിയില്‍ ജനിച്ച കുട്ടിയാണ് ഇമാം അലി സൈനുല്‍ ആബിദീന്‍(റ). ഹിജ്റ 38 ശഹബാന്‍ 5 നാണ് ഇമാമവര്‍കള്‍ ജനിച്ചത്.
അമീറുല്‍ മുഅ്മിനീന്‍ അലി(റ) വിന്റെ വഫാത്തിന്റെ രണ്ട് വര്‍ഷം മുമ്പായിരുന്നു ഈ ജനനം. ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ വല്യുപ്പയും അന്ത്യപ്രവാചകരുമായ പുണ്യതിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങള്‍ ഇമാം അവര്കളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചിരുന്നു.
ജാബിര്‍(റ) നിവേദനം ചെയ്യുന്നു: ഞാന്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ സന്നിധിയില്‍ നില്‍ക്കുകയാണ്. അവിടുന്ന് പ്രിയ പൗത്രന് ഹുസൈന്(റ) വിനെ കളിപ്പിക്കുകയായിരുന്നു. ആ സമയം തിരുനബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു : ഓ ജാബിര്‍ ഇവനൊരു കുഞ്ഞുണ്ടാകും. അലി എന്നായിരിക്കും അവന്റെ നാമം. അന്ത്യനാളില്‍ സൈനുല്‍ ആബിദീന്‍ എഴുന്നേല്ക്കട്ടെ എന്ന് വിളിക്കപ്പെടുമ്പോള്‍ എന്റെ മോന് എഴുന്നേറ്റ് നില്ക്കും.
പുണ്യ തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം തന്നെയാണ് ഇമാം അവര്‍കള്‍ക്ക് സൈനുല്‍ ആബിദീന്‍ എന്ന സ്ഥാനപ്പേര് നല്‍കിയത്. അതിനെ അന്വര്‍ത്ഥമാക്കുന്ന ജീവിതമാണ് ഇമാം തിരഞ്ഞെടുത്തതും.
ഇബാദത്തില്‍ ആനന്ദം കണ്ടെത്തിയിരുന്നു മഹാന്. വുളു ചെയ്യുമ്പോള്‍ തന്നെ മഹാന്റെ മുഖം വിവര്‍ണമാകുമായിരുന്നു. അതിനെക്കുറിച്ച് ആളുകള്‍ ചോദിച്ചാല്‍ ആരുടെ മുന്നിലേക്കാണ് ഞാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു അവിടുത്തെ മറുപടി. മഹാന്റെ മനസ്സിനെ കീഴടക്കിയ ഇലാഹി ചിന്തയുടെ ആധിക്യമാണ് ആ വാക്കുകളില്‍ പ്രകടമായിരുന്നത്.
താഊസ് (റ) പറയുന്നു : ഞാന്‍ രാത്രിയില്‍ പള്ളിയില്‍ പ്രവേശിച്ചു. ആ സമയം അലി സൈനുല്‍ ആബിദീന്‍ (റ) പള്ളിയിലേക്ക് കടന്നു വന്നു. അദ്ദേഹം നിസ്കാരം ആരംഭിച്ചു. ദീര്‍ഘനേരം അദ്ദേഹം സുജൂദിലായി കഴിയുന്നത് കണ്ടു. അഹ്ലുബൈത്തിലെ ഈ മഹാ വ്യക്തിത്വം സുജൂദില്‍ അല്ലാഹുവിനോട് എന്താണ് പറയുന്നതെന്നറിയാന്‍ ഞാന്‍ ശ്രദ്ധയോടെ അടുത്ത് തന്നെ നിന്നു. അല്ലാഹുവേ നിന്റെ അടിമ ഇതാ നിന്റെ സന്നിധിയില്‍ വന്നിരിക്കുന്നു. അല്ലാഹുവേ ഈ ഫഖീര്‍ നിന്റെ കവാടത്തില്‍ വന്നിരിക്കുന്നു. ഈ മിസ്കീന് നിന്റെ സവിധത്തില്‍ വന്നിരിക്കുന്നു. ഈ യാചകനിതാ നിന്റെ മുന്നിലെത്തിയിരിക്കുന്നു. ഇതായിരുന്നു മഹാന് സുജൂദില്‍ കിടന്നു പ്രാര്‍ത്ഥിച്ചിരുന്നത്. പ്രയാസ ഘട്ടങ്ങളില്‍ ഈ വാചകങ്ങള്‍ മൊഴിഞ്ഞാല്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമാകാറുണ്ട് എന്ന് ഈ സംഭവം വിശദീകരിച്ച താഊസ് (റ) സാക്ഷീകരിക്കുകയും ചെയ്യുന്നു.
അസാധാരണ വ്യക്തിത്വമായിരുന്നു ഇമാമവര്‍കള്‍ക്ക്. പരിശുദ്ധ ദീനിന്റെ ശത്രുക്കള്‍ക്കെതിരെ ശക്തമായി ശബ്ദിച്ചിരുന്നു. ഈമാനിന്റെ ശത്രു പലപ്പോഴും സമുദായത്തില്‍ ഉള്ളവര്‍ തന്നെയായിരിക്കുമെന്ന സത്യം ഇമാമിന്റെ ജീവിതത്തില്‍ വ്യക്തമായി പുലര്‍ന്നിരുന്നു. ഇസ്ലാമിന്റെ പുറംമോടി അണിഞ്ഞവര്‍ തന്നെയായിരുന്നു അഹ്ലുബൈത്തിനെ നാമാവശേഷമാക്കാന്‍ ഇറങ്ങി പുറപ്പെട്ടതെന്നത് കൂട്ടി വായിക്കുമ്പോള്‍ ഈ സത്യം കൂടുതല്‍ വ്യക്തമാകും. തിരു നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളിലൂട കൈമാറ്റം ചെയ്യപ്പെട്ട ഈമാനിന്റെ വഴിയില്‍ തടസ്സമായി ഇന്നും മുസ്ലിം നാമധാരികളാണെന്ന് മനസ്സിലാക്കുമ്പോള്‍ ചരിത്രത്തിന്റെ അവര്ത്തനമെന്ന് നമുക്ക് സംശയമില്ലാതെ പറയാനുമാകും. സത്യതോടൊപ്പം ആളുകള്‍ കുറവായിരിക്കും. എങ്കിലും സധൈര്യം അതിനൊപ്പം നില്‍ക്കണമെന്നാണ് ഇമാം അലി സൈനുല്‍ ആബിദീന്‍(റ) നമ്മെ പഠിപ്പിക്കുന്നത്. ഹിജ്റ 94 മുഹര്‍റം 12 ന് തന്റെ അമ്പത്തി ഏഴാം വയസ്സില്‍ ആ ദിവ്യതാരകം അല്ലാഹുവില്‍ ലയിച്ചു. മദീനയില്‍ വെച്ചായിരുന്നു അവിടുത്തെ അന്ത്യയാത്ര. അവരുടെ മദദ് അല്ലാഹു നമുക്ക് നല്കട്ടെ. ആമീന്‍