Hits: 0

കുടുംബ സദസ്സ്

സലാം ജീലാനി മലപ്പുറം

കുടുംബസംഗമം തുടങ്ങുകയാണ്. ഉസ്താദ് എഴുന്നേറ്റുനിന്നു.പ്രസംഗം ആരംഭിച്ചു.
ഇന്ന് നമുക്കൊരു കഥ പറഞ്ഞു തുടങ്ങാം. പ്രകൃതിരമണീയമായ ഒരു ഗ്രാമം. കൃഷിയും മറ്റു കച്ചവടങ്ങളും ആയി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരാണ് അവിടുത്തുകാര്‍. അവരിലൊരാളാണ് കാസിംക.
ദീനീനിഷ്ഠയുള്ള നല്ല മനുഷ്യന്‍. ഭാര്യയും നാല് കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹ
ത്തിന്‍റെ കുടുംബം. ഒരു ചെറിയ ചായക്കടയാണ് ആ കുടുംബത്തിന്‍റെ ജീവിത മാര്‍ഗം.
വലിയ തറവാട്ടുകാരനാണ് അദ്ദേഹം.
സഹോദരങ്ങളൊക്കെ വലിയ സമ്പന്നര്‍. ഗള്‍ഫിലും നാട്ടിലും സ്വന്തമായി ബിസിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍.
പക്ഷേ, അദ്ദേഹം മാത്രം ഈനിലയിലായി. എന്നാലും അദ്ദേഹത്തിന് പരിഭവമില്ല. സഹോദരങ്ങളുടെ അടുത്തേക്ക് ഒന്നിനും യാചിച്ച് ചെല്ലാറുമില്ല. എങ്കിലും അവരോടുള്ള നല്ല ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം എടുത്തിരുന്നു.
മൂത്ത മകള്‍ വിവാഹ പ്രായം കഴിഞ്ഞ് നില്‍ക്കുകയാണ്.
ആയിടക്കാണ് ഒരാലോചന ഒത്തു വന്നത്. എങ്ങനെയെങ്കിലും മകളെ നല്ല നിലയില്‍
കെട്ടിച്ചയക്കാന്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. ഒരു വിധത്തില്‍ കല്യാണം ഉറപ്പിച്ചു.
കല്യാണ ദിവസം അടുത്തുവന്നു. ബന്ധപ്പെട്ടവരെയും അയല്‍വാസികളെയും കല്യാണത്തിന് ക്ഷണിച്ചു.
ഗള്‍ഫുകാരായ സഹോദരങ്ങളൊക്കെ നാട്ടില്‍ ലീവിന് വന്ന സമയമായിരുന്നു അത്. കല്യാണത്തിന് അവരാരുംകണ്ടറിഞ്ഞൊന്നും കൊടുത്തിട്ടില്ല. അദ്ദേഹംഅവരോടൊന്നും ചോദിച്ചിട്ടുമില്ല.
എന്നാലും എല്ലാവരും കല്യാണത്തിന് വരുമെന്ന് അദ്ദേഹം ഉറപ്പിച്ചു.
പക്ഷേ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വിവാഹത്തിന്‍റെ
തലേന്നാണ് കാസിം ആ വാര്‍ത്തയറിയുന്നത്. മൂത്ത സഹോദരന്‍ ബഷീര്‍ ഹാജിയും കുടുംബവും വിവാഹത്തിന് പങ്കെടുക്കില്ല. വിവാഹ നിശ്ചയത്തിന്‍റെ സമ്മതം എന്നോട് വീട്ടില്‍ വന്ന്
കാസിം ചോദിച്ചിട്ടില്ല. ഫോണ്‍ വിളിച്ചിട്ടാണ് സമ്മതമെടുത്തത്. ഞാനവന്‍റെ വലിയ ജ്യേഷ്ട്ടനല്ലേ. ഒന്ന് വീടുവരെ വരാമായിരുന്നില്ലേ അവന്.അതുകൊണ്ട് ഞാനാ കല്യാണത്തിനില്ല എന്ന്
ബഷീര്‍ ഹാജി പറഞ്ഞതായി അയല്‍വാസി ഹമീദാജിയാണ് കാസിംകയെ അറിയിച്ചത്.
വിവരമറിഞ്ഞയുടനെ കാസിംക ജ്യേഷ്ഠന്‍ ബഷീര്‍ ഹാജിക്ക് ഫോണ്‍ ചെയ്തു. തന്‍റെ വീഴ്ചയില്‍ ക്ഷമിക്കണമെന്നും എല്ലാം പെട്ടന്ന് പറഞ്ഞുറപ്പിച്ചതുകൊണ്ട് വന്നു പറയാന്‍ സാധിക്കാതിരുന്നതാണെന്നും അയാള്‍ ജ്യേഷ്ഠനെ അറിയിച്ചു.
എല്ലാവരോടും ഫോണ്‍ വിളിച്ചാണ് കല്യാണ നിശ്ചയത്തിന്‍റെ സമ്മതമെടുത്തത്. അതുകൊണ്ട് ദയവ് ചെയ്ത് കല്യാണത്തിന് പങ്കെടുക്കണമെന്ന് അപേക്ഷിച്ചു.
മാത്രമല്ല കല്യാണം ക്ഷണിക്കാന്‍ ഞാന്‍ വീട്ടില്‍ വന്നിരുന്നല്ലോ. അപ്പോള്‍ ഇതിനെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ലല്ലോ.
പക്ഷേ, ബഷീര്‍ ഹാജി അതൊന്നും ചെവിക്കൊണ്ടില്ല. “ഞാനും എന്‍റെ മക്കളും ഇനി അങ്ങോട്ടില്ല. ഇങ്ങളങ്ങട്ട് നടത്തിയാ മതിچ എന്ന് ആക്രോശിച്ച് അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
അതുവരെ സൗഹൃദത്തിന്‍റെ പാതയിലായിരുന്ന ഒരു പവിത്രമായ ബന്ധം അവിടെ മുറിഞ്ഞു
വീണു.
കഥ പറഞ്ഞു കഴിഞ്ഞ് ഉസ്താദ് സദസ്സിനെ ഒന്നു നോക്കി.
പലരുടെ മുഖത്തും പല ഭാവങ്ങളും മിന്നി മറിയുന്നത് ഉസ്താദിന് കാണാമായിരുന്നു. സഹോദരങ്ങളെ, ഞാനീ പറഞ്ഞ കഥയിലെ കഥാപാത്രങ്ങളായി അഭിനയിക്കാന്‍ ഒരുപക്ഷേ നിങ്ങളില്‍ പലര്‍ക്കും ഇട വന്നിട്ടുണ്ടാകും എന്നെനിക്ക് തോന്നുകയാണ്.
ഇതൊരു സാങ്കല്‍പിക കഥയെന്ന് പറയുന്നതിലപ്പുറം നമ്മുടെ പലരുടെയും ജീവിതത്തില്‍
സംഭവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ ആണെന്ന് ഒരു സംശയവും ഇല്ലാതെ നമുക്ക് പറയാം.
ഞാനീ പറഞ്ഞ കഥയിലെ കാസിംക്കയുടെ റോള്‍ അഭിനയിക്കേണ്ടി വന്നവരും ബഷീര്‍ ഹാ ജിയുടെ വേഷം ഭംഗിയായി നിര്‍വ്വഹിച്ചവരും ഒരു പക്ഷേ നമ്മില്‍ തന്നെ ഉണ്ടാവും.
നമ്മുടെ കുടുംബത്തില്‍, അയല്‍വാസികളില്‍, നമ്മുടെ സമൂഹത്തില്‍ ഈ കഥയുടെ ആവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇന്നൊരു പുതുമയല്ലാതെയായിരിക്കുന്നു. എത്രമാത്രം ഭീകരമായ ഒരു പ്രവര്‍ത്തനമാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കാതെ പോകുകയാണ്.
നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി പവിത്രമായ ബന്ധങ്ങള്‍ മുറിച്ചിടാന്‍ ആര്‍ക്കുമിന്ന് മടിയില്ല. ചെറിയ വാക്കുതര്‍ക്കത്തിന്‍റെ പേരില്‍, ഇതു പോലെയുള്ള ചെറിയ ചെറിയ കാരണങ്ങള്‍ക്ക് വേണ്ടി പവിത്രമായ കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും നിസ്സങ്കോചം തകര്‍ത്തെറിയുന്നവര്‍, തങ്ങള്‍ എത്ര വലിയ അപരാധമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നില്ല.
കുടുംബ ബന്ധം മുറിക്കുക എന്ന അതിഭീകരമായ പാതകമാണ് അവര്‍ ചെയ്യുന്നത്.
മഹാനായ നബി(സ) തങ്ങള്‍ പറയുന്നു: “കുടുംബ ബന്ധം മുറിച്ചവന്‍
സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.” (ബുഖാരി)
എത്രമാത്രം ഗൗരവത്തോടെയാണ് നബി(സ) തങ്ങള്‍ കുടുംബ ബന്ധം മുറിക്കുന്നവരെക്കുറിച്ച് സംസാരിച്ചതെന്ന് നോക്കൂ…
വിവാഹത്തിന് നേരത്തെ ക്ഷണിക്കാത്തതിന്‍റെ പേരില്‍, വിവാഹ നിശ്ചയത്തിന് സമ്മതം ചോദിക്കാത്തതിന്‍റെ പേരില്‍ പുതിയ വീടിന് തറക്കല്ലിടുമ്പോള്‍ പറയാത്തതിന്‍റെ പേരില്‍, അങ്ങനെ നീളുന്ന നിസ്സാര കാരണങ്ങള്‍കൊണ്ട് സ്വന്തം കുടുംബ ബന്ധത്തിന്‍റെ കടക്കല്‍ കത്തി വെക്കുന്നവര്‍ ഓര്‍ക്കുക, തങ്ങള്‍ നരകത്തിലേക്കുള്ള സീറ്റ് റിസര്‍വേഷനാണ് അതിലൂടെ നിര്‍വ്വഹിക്കുന്നതെന്ന്.
വിശുദ്ധ ഖുര്‍ആനും, പരിശുദ്ധ നബിയും കുടുംബ ബന്ധത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ചും അത് തകര്‍ത്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഗൗരവത്തോടെ വിശ്വാസികളെ ഉണര്‍ത്തിയത് കാണാം.
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു: “അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവന് പങ്കു ചേര്‍ക്കരുത്. മാതാപിതാക്കള്‍ക്കും അടുത്ത കുടുംബങ്ങള്‍ക്കും ഗുണം ചെയ്യുക.
ഖുദ്സിയായ ഹദീസിലൂടെ അല്ലാഹു പറയുന്നു: “ഞാന്‍ അല്ലാഹുവാണ്, ഞാന്‍ റഹ്മാനാണ്, കുടുംബ ബന്ധത്തെ ഞാന്‍ സൃഷ്ടിച്ചു. എന്‍റെ നാമത്തോട് ഞാനതിനെ ചേര്‍ത്തി. ആരെങ്കിലും കുടുംബ ബന്ധം ചേര്‍ത്താല്‍ ഞാനും അവനോട് ബന്ധം പുലര്‍ത്തും. ആരെങ്കിലും കുടുംബ ബന്ധം മുറിച്ചാല്‍ ഞാനും അവനുമായി ബന്ധം മുറിക്കും.”(തിര്‍മുദി)
മഹാനായ നബി(സ) പറയുന്നു: കുടുംബ ബന്ധം അര്‍ശുമായി ബന്ധപ്പെട്ടതാണ്. അത് പറയും എന്നെ ചേര്‍ത്തവരെ അല്ലാഹു ചേര്‍ക്കും. എന്നെ മുറിച്ചവനോട് അല്ലാഹുവും ബന്ധം മുറിക്കുന്നതാണ്.(ബുഖാരി)
കുടുംബ ബന്ധം മുറിക്കുന്നവരോടുള്ള ബന്ധം അല്ലാഹുവും മുറിക്കുമെന്നാണ് വിശുദ്ധ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു ഒരാളോട് ബന്ധം മുറിക്കുന്ന അവസ്ഥ എത്ര ഭയാനകം. മഹാനായ നബി(സ) പറയുന്നു: “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ കുടുംബ ബന്ധം പുലര്‍ത്തുകയും അതിഥികളെ ബഹുമാനിക്കുകയും ചെയ്യട്ടെ.
ഒരു ദിവസം ഒരാള്‍ വന്നു നബി(സ)യോട് ചോദിച്ചു: “അല്ലാഹുവിന്‍റെ റസൂലേ, സ്വര്‍ഗ പ്രവേശം സാധ്യമാക്കുകയും നരകത്തില്‍ നിന്ന് എന്നെ രക്ഷിക്കുകയും ചെയ്യുന്ന ഒരു
പ്രവൃത്തി എനിക്ക് അറിയിച്ച് തന്നാലും.
അപ്പോള്‍ നബി(സ) പറഞ്ഞു: “നീ അല്ലാഹുവിനെ ആരാധിക്കുക. അവനോട് മറ്റൊന്നിനേയും പങ്ക് ചേര്‍ക്കരുത്. നിസ്ക്കാരം നിലനിര്‍ത്തുക.
സക്കാത്ത് കൊടുത്തുവീട്ടുക.
കുടുംബ ബന്ധം ചേര്‍ക്കുകയുംചെയ്യുക.”(ബുഖാരി, മുസ്ലിം)
സ്വര്‍ഗ പ്രവേശനത്തിനും നരക വിമോചനത്തിനും മാര്‍ഗമാരാഞ്ഞ് തങ്ങളെ സമീപിച്ച സ്വഹാബിക്ക് ഇസ്ലാമിലെ അടിസ്ഥാന ആരാധനകളോടൊപ്പം തന്നെ കുടുംബ ബന്ധം ചേര്‍ക്കുന്നതിനെ കുറിച്ചും നബി(സ) പറഞ്ഞുകൊടുത്തത് ദീനില്‍ അതിന് എത്രത്തോളം സ്ഥാനമുണ്ടെന്ന് വ്യക്തമാക്കുന്നു.
അബൂഹുറൈറ(റ) പറയുന്നു. നബി(സ) പറഞ്ഞു: “മനുഷ്യ കര്‍മങ്ങള്‍ എല്ലാ വെള്ളിയാഴ്ച രാവും അല്ലാഹുവിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ സമയത്ത് കുടുംബ ബന്ധം മുറിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു പരിഗണിക്കുക തന്നെയില്ല.چ (അഹ്മദ്)
മഹാനായ അബ്ദുല്ല(റ) പറയുന്നു: “ഞങ്ങള്‍ ഒരു ദിവസം നബി(സ)യുടെ സന്നിധിയില്‍ ഇരിക്കുകയായിരുന്നു. കുടുംബ ബന്ധം മുറിച്ചവര്‍ ഇന്ന് നമ്മോടൊപ്പം ഇരിക്കരുതെന്ന് നബി(സ) തങ്ങള്‍ അവിടെ വെച്ച് പറയുകയുണ്ടായി. അപ്പോള്‍ ഒരു യുവാവ് എഴുന്നേറ്റ് പോയി. അദ്ദേഹവുമായി പിണങ്ങി നിന്നിരുന്ന മാതൃസഹോദരിയുടെ അരികില്‍ ചെന്ന് അന്യോന്യം പൊരുത്തമുണ്ടാക്കി തിരിച്ച് വന്നു. അപ്പോള്‍ നബി(സ) തങ്ങള്‍ പറഞ്ഞു: “കുടുംബബന്ധം മുറിച്ചവരുള്ള സമൂഹത്തില്‍ അല്ലാഹുവിന്‍റെ അനുഗ്രഹം ഇറങ്ങുകയില്ല.
മറ്റൊരു ഹദീസിലൂടെ നബി തങ്ങള്‍ പറയുന്നു: “കുടുംബബന്ധം മുറിച്ചവരുള്ള സദസ്സിലെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ല, അവിടെ റഹ്മത്തിന്‍റെ മലക്കുകള്‍ ഇറങ്ങുകയില്ല.
കുടുംബബന്ധം തകര്‍ത്ത ഒരുവന്‍റെ സാന്നിദ്ധ്യം ഒരു സമൂഹത്തിനാകമാനം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ തടയപ്പെടാനും പ്രാര്‍ഥന തട്ടപ്പെടാനും കാരണമാകുമെങ്കില്‍ എത്രത്തോളം ഭീകരമാണത്.
മഹാനായ നബി(സ) തങ്ങള്‍ പറയുന്നു.”കുടുംബബന്ധം മുറിക്കലും അതിക്രമം പ്രവര്‍ത്തിക്കലും ഉടനെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളില്‍ പെട്ടതാണ്.” (ഇബ്നുമാജ)
ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്റിലും പുണ്യങ്ങള്‍ നിറഞ്ഞ
മറ്റു രാത്രികളിലും കുടുംബബന്ധം തകര്‍ത്തവര്‍ക്ക് യാതൊരു ഓഹരിയുമില്ലെന്ന് നബി(സ) തങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
തകര്‍ക്കപ്പെട്ട കുടുംബബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലിന് വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്യുന്ന വിശുദ്ധവചനങ്ങള്‍ നാം വിസ്മരിക്കാതിരിക്കുക. ആരാധനകളും അനുഷ്ഠാനങ്ങളും അനവരതം ചെയ്യുമ്പോഴും കുടുംബബന്ധം തകര്‍ത്തവരില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല’
എന്ന താക്കീത് നാം ഓര്‍ക്കുക.
പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത്, ബന്ധങ്ങള്‍ കോര്‍ത്തിണക്കി സര്‍വ്വശക്തന്‍റെ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹരാകാന്‍ നാം പരിശ്രമിക്കുക.
ബന്ധങ്ങള്‍ മുറിച്ചു കളയാന്‍ 100 കാരണങ്ങള്‍ നമുക്ക് ചിലപ്പോള്‍ നിരത്താന്‍ ഉണ്ടാവും. ആ ബന്ധം മുറിയാതെ സൂക്ഷിക്കുക എന്നതാണ്പാരത്രിക വിജയം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. പരിശുദ്ധ നബി(സ)യില്‍നിന്ന് മഹാനായ അലി(റ) റിപ്പോര്‍ട്ട്
ചെയ്യുന്നു: “ഇഹപര ലോകങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ സ്വഭാവം ഏതെന്ന് ഞാന്‍ അറിയിച്ച് തരട്ടെയോ? നിന്നോട് ബന്ധം മുറിച്ചവരോട് നീ സൗഹൃദത്തിലാവുക, നിനക്ക് നല്‍കാത്തവര്‍ക്ക് നീ നല്‍കുക, നിന്നെ ആശ്രയിച്ചവര്‍ക്ക് നീ വിട്ട് വീഴ്ച്ച ചെയ്യുക എന്നിവയാണവ.” (ത്വബ്റാനി)
സഹോദരങ്ങളെ, നാം ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്.
ഒരിക്കല്‍ നബി(സ) തങ്ങള്‍ പറഞ്ഞു: നിസ്കാരത്തെക്കാളും നോമ്പിനേക്കാളും ധാന ധര്‍മ്മത്തെക്കാളും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുന്ന ഒരു കാര്യം ഞാന്‍ അറിയിച്ചു തരാം. സഹാബികള്‍ പറയൂ എന്ന് നബിതങ്ങളോട് അഭ്യര്‍ത്ഥിച്ചു. നബി തങ്ങള്‍ പറഞ്ഞു നിങ്ങള്‍ക്കിടയില്‍ പരസ്പരം അടുപ്പം ഉണ്ടാക്കലാണ് അത്. ആരെങ്കിലും പരസ്പരം ഭിന്നിക്കുന്നുവെങ്കില്‍ അവര്‍ പരിശുദ്ധ ദീനിനെയാണ് നശിപ്പിക്കുന്നത്.
നബി(സ) തങ്ങളുടെയും പരിശുദ്ധ ഖുര്‍ആനിന്‍റെയും വചനങ്ങള്‍ നമ്മുടെ ജീവിതത്തിന് ദിശ നിര്‍ണയിക്കുന്നതാവണം. ചെറിയ ചെറിയ കാരണങ്ങള്‍ക്ക് കുടുംബങ്ങളുമായി നാം പിണങ്ങി നില്‍ക്കുമ്പോള്‍ നമുക്ക് ലഭിക്കേണ്ട അല്ലാഹുവിനെയും പരിശുദ്ധ പ്രവാചകനെയുമാണ് നമുക്ക് നഷ്ടപ്പെടുക എന്ന വലിയ യാഥാര്‍ത്ഥ്യം നാം ഓര്‍ക്കേണ്ടതുണ്ട്. നാം വലിയ നിസ്കാരക്കാരായിരിക്കും. സുന്നത്ത് നോമ്പുകളും ഫര്‍ള് നോമ്പുകളും നാം ഒഴിവാക്കാറുണ്ടാവില്ല. സക്കാത്തും സദഖയും നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായിരിക്കാം.
നാം പ്രയാസം അനുഭവിക്കുന്നവരെ സാന്ത്വനിപ്പിക്കുകയും അവരുടെ അത്താണിയായി മാറുകയും ചെയ്യുന്നുണ്ടാവാം. നാട്ടിലെ പള്ളിയുടെയും ദീനി സംരംഭങ്ങളുടെയും തലപ്പത്ത് നാം പ്രവര്‍ത്തിക്കുന്നുണ്ടാവാം. പക്ഷേ ഈ പ്രവര്‍ത്തനങ്ങളൊക്കെ അല്ലാഹു സ്വീകരിക്കണമെങ്കില്‍ നാമും നമ്മുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധം മുറിയാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ് എന്നാണ് വിശുദ്ധ ദീന്‍ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് എവിടെയെങ്കിലും നമുക്ക് പിശക് പറ്റിയിട്ടുണ്ടെങ്കില്‍ നാം അത് തിരുത്താന്‍ ശ്രമിക്കുക. അവന്‍ എന്‍റെ അടുത്ത് വന്ന് പ്രശ്നം പരിഹരിക്കട്ടെ എന്നതിനപ്പുറം തെറ്റി നില്‍ക്കുന്നവരുടെ അടുത്തേക്ക് പോയി അവരുമായി നല്ല ബന്ധം കെട്ടിപ്പടുക്കാന്‍ നാം തന്നെ സ്വയം മുന്നിട്ടിറങ്ങുക. അത്തരക്കാര്‍ക്ക് ഇരട്ടി പ്രതിഫലം ഉണ്ടെന്ന നബി വചനം നാം കേട്ടുവല്ലോ. കേള്‍വികള്‍ക്ക് അപ്പുറം നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ അത് പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങള്‍ ആവട്ടെ ഇനിയുള്ള ദിവസങ്ങള്‍ എന്ന് സൂചിപ്പിക്കുന്നു. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.