Hits: 0

പാഠം

ശാഹ് നജീബ് ജീലാനി

അല്ലാഹു തന്‍റെ അടിമക്ക് നല്‍കിയ അനുഗ്രഹം അടിമയില്‍ നിന്ന് നീങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുക. അതാണ് അസൂയ. അല്ലാഹു നിശ്ചയിച്ച തീരുമാനത്തിലാണ് അസൂയക്കാരന്‍ നീരസം കാണിക്കുന്നത്. അതുകൊണ്ട് തന്നെ അത്യധികം ഭീകരമാണ് അസൂയ എന്ന മനോവൈകല്യം.
അനുഗ്രഹങ്ങള്‍ നിശ്ചയിച്ചു നല്‍കുന്നവന്‍ അല്ലാഹുവാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് വെക്കാതെ അവന്‍ നല്‍കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ആ അനുഗ്രഹങ്ങള്‍ നീങ്ങണമെന്ന് മോഹിക്കുന്നവന്‍ അല്ലാഹുവിന്‍റെ ഖിസ്മത്തിനെ അഥവാ അല്ലാഹു നിശ്ചയിച്ച ഓഹരി വിതരണത്തെ എതിര്‍ക്കുന്നവനാണ്. ഉടമയുടെ ഇഷ്ടങ്ങളെയും ദാനങ്ങളെയും എതിര്‍ക്കാന്‍ അടിമക്ക് എന്ത് യോഗ്യത? അതുകൊണ്ട് അസൂയയുടെ ഗൗരവം മഹാډാര്‍ ഉണര്‍ത്തുന്നു: അസൂയക്കാരന്‍ അല്ലാഹുവിനോട് ശത്രുത വെക്കുന്നവനാണ്.
റസൂല്‍(സ) പറയുന്നു: അസൂയയെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം തീ വിറക് തിന്നുന്ന പോലെ അസൂയ നډകളെ തിന്നും.
നബി(സ)യുടെ വചനം അസൂയ വിതയ്ക്കുന്ന മഹാ വിപത്തിന്‍റെ ആഴം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. വിറകിനു തീയിട്ടാല്‍ എത്ര പെട്ടെന്നാണ് എല്ലാം കത്തിത്തീരുന്നത്!? വലിയ വനങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീയിനെ കുറിച്ച് കേട്ടിട്ടില്ലേ? എത്ര പെട്ടെന്നാണ് കാട്ടുതീ അതിവിശാലമായ വനപ്രദേശത്തെ നശിപ്പിച്ചു കളയുന്നത്!? അഗ്നി സ്പര്‍ശമേല്‍ക്കുന്നതിനു മുമ്പ് പൂവും തളിരും കായും കതിരുമായിരുന്ന പ്രദേശം തീയെടുത്തതോടെ ചുടുചാരമാകുന്നു. അതിനകത്ത് കൂടുകൂട്ടിയ ജന്തുജാലങ്ങള്‍ ജീവന്‍ കൊണ്ടോടുന്നു. ഉപകാരപ്രദമായ ഒന്നും ആ മണ്ണില്‍ ബാക്കിയാകില്ല. ചൂടും ചാരവും നീങ്ങാതെ ഒന്നിനും മുളക്കാന്‍ സാധ്യമല്ല. പൂവും കായും തേടി ആരും ഇനി അതു വഴി വരില്ല. കാരണം അവിടെ നല്ലതായിട്ടൊന്നുമില്ല. ചൂടും വെണ്ണീരുമല്ലാതെ അവിടെ പോയാല്‍ കിട്ടില്ല.
അസൂയ നിറഞ്ഞ മനസ്സും അതുപോലെയാണെന്ന് പഠിപ്പിക്കുകയാണ് റസൂല്‍(സ). സുകൃത സമ്പന്നമായ ഹൃദയത്തില്‍ അസൂയ എന്ന ആപല്‍ക്കാറ്റ് ആഞ്ഞുവീശുന്നതോടെ സുകൃതങ്ങള്‍ മുഴുവന്‍ ഒരു നിമിഷാര്‍ദ്ധം കൊണ്ട് കത്തിക്കരിഞ്ഞ ചുടു ചാരമായി മാറുന്നു. വിശ്വാസ ഹൃദയത്തില്‍ കൂടു കെട്ടിപ്പാര്‍ത്ത നډയുടെ സാന്നിധ്യങ്ങള്‍ ഹൃദയം വിട്ടോടുന്നു. നډയും സ്നേഹവും ലഭിക്കുമെന്ന് കരുതി വരുന്നവര്‍ക്ക് അവനില്‍ നിന്ന് ഇനി ലഭിക്കുക പകയും വിദ്വേഷവും മാത്രം.
നമ്മള്‍ ഒരുപാട് നډകള്‍ ചെയ്യുന്നവരാകാം, സ്വാലിഹായ കര്‍മ്മങ്ങളില്‍ മുഴുകി ജീവിക്കുന്നവരാകാം, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ രാപ്പകലില്ലാതെ ഓടി നടക്കുന്നവരാകാം, ചെയ്തുകൂട്ടിയ നډക്കൂമ്പാരം പര്‍വ്വത തുല്യം ഉണ്ടാകാം. പക്ഷേ, മല പോലെ കൂട്ടി വെച്ച വിറകിന്‍ കൂട്ടത്തിനടിയില്‍ ഒരു തീക്കൊള്ളി വെച്ചാല്‍ ഏതാനും സമയം കൊണ്ട് വിറകിന്‍ കൂട്ടം വെണ്ണീര്‍ക്കൂന ആകുന്ന പോലെ, ഹൃദയത്തിനകത്ത് ഉണ്ടാകുന്ന ഒരു നേരത്തെ അസൂയ കൊണ്ട് ചെയ്തു കൂട്ടിയ നډകള്‍ മുഴുവന്‍ ചാരമായി മാറുന്നു. അതി ഭീകരമല്ലേ കാര്യം?
ഭൂമിയിലെ പ്രഥമ കൊലപാതകമാണ് ഖാബീല്‍ ഹാബീലിനെ വധിച്ചത്. ആ കൊലപാതകത്തിന്‍റെ അടിസ്ഥാന കാരണം അസൂയ ആയിരുന്നു. ഹാബീലിന് അല്ലാഹു നിശ്ചയിച്ച അനുഗ്രഹം നീങ്ങിക്കാണണമെന്ന് ഖാബീല്‍ ആഗ്രഹിച്ചു. ആ അനുഗ്രഹം തന്‍റേതാകണം എന്ന സ്വാര്‍ത്ഥ മോഹം സഹോദരന്‍റെ കൊലപാതകത്തില്‍ കലാശിച്ചു.
‘ഏറ്റവും നല്ല കഥ’ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച യൂസുഫ്(അ) ന്‍റെ ചരിത്രത്തിലുമുണ്ട് അസൂയ എന്ന അപകടകാരി. പിതാവ് യഅ്ഖൂബ്(അ) ഇളയ പുത്രനായ യൂസുഫ്(അ) നോട് കാണിച്ച അതിരറ്റ വാത്സല്യം സഹോദരങ്ങളില്‍ ചിലര്‍ക്ക് അസൂയ ഉണ്ടാക്കി. അതായിരുന്നു എല്ലാ പ്രശ്നങ്ങളുടെയും തുടക്കം.
നമ്മുടെ നബി(സ) യോട് ശത്രുക്കള്‍ക്കുണ്ടായതും അസൂയ തന്നെ. യഥാര്‍ത്ഥത്തില്‍, ഒരു പ്രവാചക നിയോഗത്തിന് സമയമായി എന്ന് അറിയുന്നവരും അതിനുവേണ്ടി കാത്തിരിക്കുന്നവരും തന്നെയായിരുന്നു മക്കാ നേതാക്കള്‍. പക്ഷേ അവര്‍ ആഗ്രഹിച്ച പോലെ, അവര്‍ക്കിടയിലെ ഒരാള്‍ക്കായില്ല പ്രവാചകത്വം ലഭിച്ചത്. അതു കാരണത്താല്‍, സര്‍വ്വഗുണ സമ്പന്നനും ഏറ്റവും യോഗ്യനുമായിരുന്നിട്ടും സയ്യിദുനാ മുഹമ്മദ്(സ) യെ അവര്‍ പരിഹസിച്ചു. കാരണം, അനാഥനായ, അവരോളം പ്രായമെത്തിയിട്ടില്ലാത്ത തിരുനബി(സ)ക്ക് നുബുവ്വത്ത് ലഭിച്ചതില്‍ അവര്‍ക്ക് അസൂയയായിരുന്നു. ‘ഈ രണ്ടു പ്രദേശങ്ങളിലെ മഹാനായ ഒരാള്‍ക്ക് എന്തുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചില്ല’ എന്നായിരുന്നു അവരുടെ ചോദ്യം.
അല്ലാഹുവിന്‍റെ അനുഗ്രഹം തങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഇറങ്ങണമെന്ന് ശാഠ്യം പിടിക്കുന്നതും അതിന്‍റെ പേരില്‍ വെറുപ്പും ശത്രുതയും വെക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ല. ഒരു വിശ്വാസിയില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണത്. റസൂല്‍(സ) യുടെ ഒരു വചനം ഇങ്ങനെയാണ്: അസൂയയും വിശ്വാസവും ഒരു അടിമയുടെ ഹൃദയത്തില്‍ ഒരിക്കലും ഒരുമിക്കുകയില്ല.
ഈ വാക്യം നമ്മെ വളരെയധികം ചിന്തിപ്പിക്കേണ്ടതുണ്ട്. അസൂയയുടെ അംശം ഹൃദയത്തില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് വരുമ്പോള്‍ തന്‍റെ ഈമാനാണ് തെറിച്ചു വീഴാന്‍ പോകുന്നതെന്ന് നാം തിരിച്ചറിയണം. കാരണം ഒരു വിശ്വാസി അസൂയ ഉള്ളവനാകില്ല. അസൂയ ഉള്ളവന്‍ വിശ്വാസിയുമല്ല. അസൂയയുള്ള മുഅ്മിന്‍ എന്നൊരു വിഭാഗം ഇല്ലെന്നാണ് നബി(സ) പറയുന്നത്. അപ്പോള്‍ മുഅ്മിനാകാന്‍ അസൂയയെ മാറ്റി നിര്‍ത്താതെ തരമില്ല.
അസൂയ എന്ന വിഷവിത്ത് ഹൃദയത്തില്‍ നിന്ന് പറിച്ച് കളയുക. അതിന് ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുക. ഹൃദയ വിശുദ്ധിയാണ് അടിമയുടെ കൈമുതല്‍. റസൂല്‍(സ)യുടെ മാതൃക അതിലാണ്.
‘ഒരാളോടും അന്യായമായതൊന്നും മനസ്സില്‍ സൂക്ഷിക്കാത്ത രാപ്പകലുകളാണ് എന്‍റേത്’ എന്നാണ് പരിശുദ്ധ പ്രവാചകന്‍(സ) പഠിപ്പിച്ചത്. അതുപോലെ നമ്മളും ആയി മാറാനാണ് നമ്മോട് കല്‍പ്പിച്ചിരിക്കുന്നത്.
ഒരിക്കല്‍ അനുചരരുമൊത്ത് മദീനാ പള്ളിയില്‍ ഇരിക്കവെ നബി(സ) പറഞ്ഞു: സ്വര്‍ഗ്ഗക്കാരനായ ഒരാള്‍ ഇപ്പോള്‍ നിങ്ങള്‍ക്കിടയിലേക്ക് കടന്നു വരും. സ്വഹാബികള്‍ കാത്തിരുന്നു. അപ്പോള്‍ സാധാരണക്കാരനായ ഒരു മനുഷ്യന്‍ പള്ളിയിലേക്ക് കയറി വന്നു. വുളൂഅ് ചെയ്ത് നിസ്കരിച്ച ശേഷം അദ്ദേഹം മടങ്ങി. തുടര്‍ച്ചയായി മൂന്നുദിവസം ഇങ്ങനെ സംഭവിച്ചു. അപ്പോഴെല്ലാം പള്ളിയിലേക്ക് കേറിവന്നത് ഒരേ മനുഷ്യനായിരുന്നു. സ്വഹാബികളില്‍ ജിജ്ഞാസ വര്‍ദ്ധിച്ചു. അബ്ദുല്ലാഹി ബിന്‍ അംറുബ്നുല്‍ ആസ്(റ) ആ മനുഷ്യനെ അനുഗമിക്കാനും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും തീരുമാനിച്ചു. അതിനുവേണ്ടി മൂന്നു ദിവസം അദ്ദേഹത്തിന്‍റെ വീട്ടില്‍ അതിഥിയായി താമസിച്ചു. തിരിച്ചു പോകാന്‍ നേരം അബ്ദുല്ല(റ) അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ സ്വര്‍ഗ്ഗം ലഭിക്കുന്ന മനുഷ്യനാണ് എന്ന് മൂന്ന് തവണ റസൂല്‍(സ) ഞങ്ങളോട് പറഞ്ഞു. അതിനു നിങ്ങളെ പ്രാപ്തനാക്കുന്ന പ്രത്യേക പ്രവൃത്തി എന്താണെന്ന് നിരീക്ഷിക്കാനാണ് ഞാന്‍ ഇവിടെ മൂന്ന് ദിവസം താമസിച്ചത്. പക്ഷേ പ്രത്യേകിച്ചൊന്നും കാണാന്‍ എനിക്ക് സാധിച്ചില്ല. ഇപ്പോള്‍ ഞാന്‍ തുറന്ന് ചോദിക്കുകയാണ്, എന്താണ് നിങ്ങള്‍ സ്വര്‍ഗ്ഗക്കാരനാണെന്ന് റസൂല്‍(സ) മൂന്നുതവണ ഞങ്ങളോട് പറയാനുള്ള കാരണം? അദ്ദേഹം പറഞ്ഞു: അങ്ങനെ പ്രത്യേകിച്ചൊരു പ്രവര്‍ത്തിയൊന്നുമില്ല. നിങ്ങള്‍ കണ്ടതൊക്കെ തന്നെയാണ് എന്‍റെ ജീവിതം. അതുകേട്ട് മടങ്ങാന്‍ തുടങ്ങിയ അബ്ദുല്ല(റ) നോട് അദ്ദേഹം പറഞ്ഞു: ഒരു കാര്യമുണ്ട്, എന്‍റെ മനസ്സില്‍ ഒരാളോടും പകയോ ദേഷ്യമോ തുടങ്ങി വേണ്ടാത്ത ഒരു വിചാരവുമില്ല. അതുകേട്ട് അബ്ദുല്ല(റ) പറഞ്ഞു: അതുതന്നെയാണ് നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പ് ലഭിക്കാനുള്ള കാരണം.
ഹൃദയ മാലിന്യങ്ങളെ വിപാടനം ചെയ്ത് സംശുദ്ധ മനസ്സോടെ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗപ്രവേശം ഭൂമിയില്‍ വെച്ചുതന്നെ നിശ്ചയിക്കപ്പെടുമെന്ന യാഥാര്‍ത്ഥ്യം നമ്മെ പഠിപ്പിക്കുകയാണ് അല്ലാഹുവിന്‍റെ ദൂതര്‍(സ). ആ മഹാ ഭാഗ്യം ലഭിക്കുന്നവരില്‍ ഉള്‍പ്പെടാന്‍ കഴിയും വിധമാകട്ടെ നമ്മുടെ തുടര്‍ക്കാല ജീവിതം