Hits: 1

ശാഹ് ഹബീബുറഹ്മാന്‍ ജീലാനി- മാരാമുറ്റം

വായിക്കും തോറും വിസ്മയങ്ങള്‍ തീര്‍ക്കുന്നു..
വരികള്‍ ഓരോന്നിലും അമൂല്യമായ നിധികള്‍ കുടിയിരിക്കുന്നു.
എത്ര വായിച്ചാലും മതിവരാതെ ഒരു ലഹരിയായി മനോതലങ്ങളില്‍ ആനന്ദം പകരുന്ന മനോഹരമായ ആവിഷ്കാരങ്ങള്‍….
‘വായിക്കൂچ എന്ന് ആജ്ഞാപിച്ചാല്‍ നിരക്ഷരനായ ഒരാള്‍ എങ്ങനെ വായിക്കും?
പള്ളിക്കൂടത്തില്‍ പോയി അക്ഷരങ്ങള്‍ എഴുതാനോ വായിക്കാനോ അറിയാത്തവര്‍ക്ക് വായിക്കാനുള്ള പോംവഴി എന്താണ്?
ഹിറയിലെ ദിവ്യാനുരാഗത്തിന്‍റെ സല്ലാപത്തില്‍ പെയ്തിറങ്ങിയ പ്രകാശത്തില്‍ ഹൃദയം വെമ്പല്‍ കൊണ്ടിരുന്നത് ആര്‍ക്ക് വേണ്ടിയായിരുന്നോ ആ നാമം തന്നെയാണ് വായിക്കാന്‍ പ്രാപ്തമാക്കിയത്…
പ്രപഞ്ച ശില്പിയുടെ ഒരു നാമത്തിന് മാത്രം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ആവുമെങ്കില്‍ ഒരു വാക്കിന് എത്ര അത്ഭുതങ്ങള്‍ കാണണം?
വചസ്സുകള്‍ കൂട്ടിവെച്ചൊരുപാട് സൂക്തങ്ങള്‍ ആണെങ്കിലോ…?
അത് കേവലം കറുത്ത മഷി പുരണ്ട അക്ഷരക്കൂട്ടങ്ങളല്ല…
ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് പ്രകാശത്തിന്‍റെ പരാഗണം തീര്‍ക്കുന്ന ഒരു പാരായണം…
അത് ചുണ്ടുകളിലും ചെവികളിലും കണ്ണുകളിലും പകര്‍ന്നു വദനമൊന്നാകെ പ്രാകാശ പൊയ്കയായി മാറ്റുന്നു…
വദനങ്ങളില്‍ നിന്ന് വദനങ്ങളിലേക്ക് അത് സംവേദനം ചെയ്യപ്പെടുന്നു..
അത് ദര്‍പണങ്ങളായി പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു….
അതില്‍ ഒരു സ്നേഹമുണ്ട്
ഒരു വിശ്വാസമുണ്ട്
ആശംസകളുണ്ട്..
അനുമോദനങ്ങളുണ്ട്…
താക്കീതുകളുണ്ട്…
വാഗ്ദാനങ്ങളുണ്ട്…
വര്‍ണ്ണനകളുണ്ട്..
കരയിപ്പിക്കും..
ചിരിയും ചിന്തകളും തരും
മനസ്സില്‍ ആഘോഷങ്ങളുണ്ടാക്കും…
പക്ഷേ, വായിക്കണം..
വായിക്കേണ്ടത് പോല്‍ വായിക്കണം…
വായന മനസ്സില്‍ നിറയെ പൂക്കളും പൂന്തോട്ടങ്ങളുമായി വസന്തങ്ങളെ വരവേല്‍ക്കുന്നതാവണം…
ഖുര്‍ആന്‍ പ്രപഞ്ച ശില്പിയുടെ സംസാരമാണ്…
ആ ദിവ്യപ്രകാശം നമ്മുടെ ഹൃദയത്തില്‍ ചേക്കേറുന്നുണ്ടോ എന്നൊന്നു പരിശോധിക്കണം.,
അതിനു ഖുര്‍ആന്‍ ലൈബ്രറിയിലെ റഫെറന്‍സ് ഗ്രന്ഥമായി മാത്രം മാറരുത്…
അലമാരിയില്‍ പൊടിപിടിച്ചു കിടക്കുന്ന അലങ്കാര വസ്തു ആവരുത്…
സോഷ്യല്‍ മീഡിയയിലെ ആഘോഷങ്ങള്‍ കഴിഞ്ഞു ഒരു ചായ സല്‍ക്കാരം പോലെയാക്കരുത്…
ഖുര്‍ആന്‍ ആവണം ജീവിതം…
സ്വഭാവം എങ്ങനെ എന്ന് വിലയിരുത്തുമ്പോഴൊക്കെ ഖുര്‍ആന്‍ ആണ് എന്ന് സത്യ സന്ധമായി പറയാന്‍ കഴിയണം…
പരുത്തിനൂലുകള്‍ പരസ്പരം തുന്നിവെച്ചത് പോലെ ദൃഢമായ ആത്മബന്ധം ഖുര്‍ആനിലേക്കു നാം ചേര്‍ത്തു വെക്കണം…
ജീവിതത്തില്‍ നമുക്ക് നീതി തരുന്നതിനെ എന്ത് കൊണ്ട് നെഞ്ചോടു ചേര്‍ത്ത് വെച്ചുകൂടാ?
ഒരിത്തിരി പാരായണം ചെയ്താല്‍….ഒരല്‍പനേരം അത് ശ്രവിച്ചു കൊണ്ടിരുന്നാല്‍…
അതിലേക്ക് വെറുതെ നോക്കിയിരുന്നാല്‍ പോലും അനുഗ്രഹങ്ങളും പ്രതിഫലങ്ങളും ലഭിക്കുന്ന ദിവ്യ ദൃഷ്ടാന്തങ്ങള്‍ എന്തിനു അന്യമായി കരുതണം..!
പിശാചിന്‍റെ സാമ്രാജ്യത്തിനായി ആയുഷ്കാലം പണയം വെക്കുകയാണോ?
മനുഷ്യര്‍ പണത്തിനായി നെയ്തുണ്ടാക്കിയ കോമഡി സീരിയലുകള്‍ കണ്ട് ഒരുപാട് ചിരിച്ചത് കൊണ്ട് ദിനങ്ങള്‍ ധന്യമായെന്ന് വിചാരപ്പെടുന്നുണ്ടോ?
ആയുഷ്കാലം മുഴുവന്‍ സമ്പാദിച്ച ധനശേഖരങ്ങളെല്ലാം കൂട്ടിവെച്ചു ഒരല്‍പം ആയുസ്സ് അധികം ചോദിക്കാന്‍ ആര്‍ക്കാണ് കഴിയുക…
പൈശാചിക ബന്ധനങ്ങളില്‍ നിന്ന് മോചിതമാകുന്ന ആത്മ ശക്തി കൈവരിക്കാനുള്ള തീവ്രമായ പരിശ്രമം മതിയായേ തീരൂ…
ശരീരമാകുന്ന ഭൂമികയില്‍…
തീ പന്തങ്ങള്‍ പിടിച്ചു…
ഹൃദയ ധമനികളില്‍ ഹോമകുണ്ഡങ്ങള്‍ തീര്‍ത്ത്.,
അഗ്നിപൂജ ചെയ്തു കാത്തിരിക്കുകയാണ് പിശാച്…
ചിന്തകള്‍ ഹോമിക്കപ്പെടാന്‍..
അസ്വസ്ഥതകള്‍ കൊണ്ട് നീറിപുകയുമ്പോള്‍ പൊട്ടിച്ചിരിക്കാന്‍…
നൊമ്പരങ്ങളുടെ നടുക്കയങ്ങള്‍ സൃഷ്ടിച്ചു ആടിയുലയുന്ന തോണി പോലെ ജീവിതം അപായപ്പെടുത്താന്‍…
ആ ശത്രുത നമ്മെ തളര്‍ത്തുന്നതാവരുത്…

പിശാച് സൈന്യങ്ങളോടൊപ്പം നമ്മെ ആക്രമിക്കാന്‍ വരുമ്പോള്‍ ഭീരുവായി കീഴ്പ്പെടുകയല്ല വേണ്ടത്…
പോരാടണം…
അതിനു നാം പിശാചിനേക്കാള്‍ ശക്തിയുള്ളവരാവണം…
പിശാചിനെ തോല്‍പ്പിക്കാനുള്ള ആയുധമാണ് ഖുര്‍ആന്‍…
ആ ആയുധം എപ്പോഴും നമ്മോടൊപ്പം ഉണ്ടാവണം…
നമ്മുടെ ചിന്തകളില്‍ മലിനത വാരിയെറിയുവാന്‍ പിശാച് എന്ന ശത്രു തക്കം പാര്‍ത്തിരിക്കുകയാണ്…
പിശാചിന്‍റെ മാലിന്യങ്ങള്‍ പേറുന്ന ദുര്‍ഗന്ധമുള്ള ഹൃദയം ആവരുത് നമ്മുടേത്…
അത് പടച്ച തമ്പുരാന് വേണ്ടിയുള്ള സിംഹാസനമാണ്…
അത് എപ്പോഴും സുഗന്ധപൂരിതമാവണം…
ആ സിംഹാസനത്തില്‍ പ്രപഞ്ചശില്പിയല്ലാതെ മറ്റുബിംബങ്ങളെ പ്രതിഷ്ഠ ചെയ്തിട്ടുണ്ടോ എന്ന് ഒന്ന് നോക്കണം…
പൈശാചികമായ ആക്രമണങ്ങളില്‍, പാപങ്ങളുടെ നൈരന്തര്യങ്ങളില്‍ കറ പറ്റിയ ഭാഗങ്ങളൊക്കെ തൗബ കൊണ്ട് ശുദ്ധീകരിക്കണം….
ഈ ഓര്‍മപ്പെടുത്തലുകള്‍ ഖുര്‍ആനില്‍ എല്ലായിടത്തും കാണാം…
പാരായണം പാപങ്ങളെ ശുദ്ധീകരിക്കും…
വൃത്തിയാക്കാന്‍ തുടങ്ങുമ്പോഴാണ് അറിയുക എത്ര മാത്രം കഴുകി കളയാനുണ്ടെന്ന്….
അത് കണ്ണുനീര്‍ മഴയായി പെയ്യണം…
ഖുര്‍ആന്‍ ശാരീരികവും മാനസികവുമായ സര്‍വ്വ മാരക രോഗങ്ങള്‍ക്കുള്ള ശമനമാണ്…
ഖുര്‍ആന്‍ ഒരു വൈദ്യശാസ്ത്ര ഗ്രന്ഥമല്ല…ഖുര്‍ആനില്‍ നിന്ന് നിരവധി വൈദ്യശാസ്ത്ര പഠനങ്ങളും ഗ്രന്ഥങ്ങളും ഉയിര്‍ കൊണ്ടിട്ടുണ്ട്….
അതിലെ ഓരോ അക്ഷരങ്ങള്‍ക്കും ഓരോ ശക്തിയുണ്ട്…
ഓരോ ആയത്തുകളും മാന്ത്രിക ചൈതന്യം വിളമ്പുന്ന വിഭവങ്ങളാണ്….
ഓരോന്നിനും ഓരോരോ രുചികളാണ്..
അതെല്ലാം അതിന്‍റേതായ ഭാവങ്ങളില്‍ നമുക്ക് ഉള്‍ക്കൊള്ളാനാവണം…
സര്‍വ്വ ശാസ്ത്ര ശാഖയിലേക്കും ഖുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്…
പാരായണത്തിലൂടെ ആ പ്രകാശത്തെ ഹൃദയത്തിലേക്ക് വരവേല്‍ക്കണം…
പ്രകാശം പേറുന്നവനാണ് ജ്ഞാനി…
പ്രകാശം അണയുന്നിടത്തു ഇരുള്‍ വ്യാപിക്കും…
ഇരുളില്‍ തപ്പിത്തടയുന്നവര്‍ സ്വയം അന്വേഷണത്തില്‍ ആയിരിക്കെ ജ്ഞാനിയെന്നു വിളിക്കുന്നതില്‍ എന്തര്‍ത്ഥം?
ജ്ഞാനി സ്വയം പ്രകാശിക്കുകയും മറ്റുള്ളവര്‍ക്ക് പ്രകാശം പകരുകയും ചെയ്യുന്നവരാവണം…

നക്ഷത്ര സമാനം പ്രകാശിതരായ അനുചര വൃന്ദത്തെ അനുഗമിക്കുന്നവര്‍ സത്യമാര്‍ഗം പുല്‍കിയവരാകുമെന്ന പ്രവാചക സന്ദേശം പറഞ്ഞു തരുന്നത് തന്നെ വിശ്വാസിയുടെ ജീവിതയാത്ര പ്രകാശത്തോടൊപ്പം ആവണമെന്നുള്ളതിലേക്കുള്ള സൂചനയാണ്.