Hits: 1

സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ വല്ലപ്പുഴ

തിരുദൂതര്‍(സ) സത്യവിശ്വാസികളായ നമുക്ക് നല്‍കുന്ന ബൃഹത്തായ ഒരു ഉപദേശമുണ്ട്. നമ്മുടെ ഐഹികവും പാരത്രികവുമായ ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കുന്ന, സന്തോഷകരമാക്കുന്ന ഒരു ഉപദേശം. അത് ഇപ്രകാരമാണ്: നിങ്ങള്‍ തഹജ്ജുദ് നിസ്കാരം പതിവാക്കുക. നിങ്ങളുടെ മുന്‍ഗാമികളുടെ ചര്യയാണത്. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിലേക്ക് അടുക്കാനും തിന്മകള്‍ വര്‍ജ്ജിക്കാനും ദോഷങ്ങള്‍ പൊറുപ്പിക്കാനും ശരീരത്തില്‍ നിന്ന് രോഗങ്ങളെ തുടച്ചു നീക്കാനും അത് സഹായിക്കും.
ഈ പ്രവാചക വചനം നാം വിശകലനം ചെയ്യുമ്പോള്‍ ഐഹികവും പാരത്രികവുമായ എല്ലാ ഗുണങ്ങളും എല്ലാ നേട്ടങ്ങളും ഇതില്‍ സംക്ഷിപ്തമാണെന്ന് മനസ്സിലാക്കാം.
മഹാനായ ഫുളയ്ലു ബ്നു ഇയാള്(റ ) ഹുസൈനുബിനു സിയാദ്(റ ) വിന്‍റെ കൈപിടിച്ചു കൊണ്ട് പറഞ്ഞു. അല്ലാഹു എല്ലാ രാത്രിയിലും ഒന്നാം ആകാശത്തേക്ക് ഇറങ്ങിവന്ന് കൊണ്ട് പറയും: എന്നോട് സ്നേഹം ഉണ്ടെന്ന് വാദിക്കുകയും രാത്രിയില്‍ തഹജ്ജുദ് നിസ്കരിക്കാതെ ഉറങ്ങുകയും ചെയ്യുന്നവന്‍ കപടനാകുന്നു. യഥാര്‍ത്ഥത്തില്‍ അവന് സ്നേഹമുണ്ടെങ്കില്‍ തന്‍റെ ഇഷ്ടഭാജനത്തെ കാണാന്‍ അവന്‍ ആഗ്രഹിക്കുമായിരുന്നു. ഞാന്‍ രാത്രിയായാല്‍ എന്‍റെ ഇഷ്ടഭാജനങ്ങളെ നോക്കിയിരിക്കുകയാണ്. നാളെ അവര്‍ക്ക് കൊടുക്കാന്‍ നയനാനന്ദകരമായ അനുഗ്രഹങ്ങള്‍ ഞാന്‍ എടുത്തു വച്ചിട്ടുണ്ട്.
മഹാനായ ഫുളയ്ലു ബ്നു ഇയാള് (റ) നല്‍കുന്ന ഈ ഉപദേശം നമുക്ക് കൂടി ഉള്ളതാണ്. അല്ലാഹുവിനെ ഇഷ്ടപ്പെടുന്നു എന്ന് നാം ഓരോരുത്തരും പറയുന്നു. പക്ഷേ രാത്രിയില്‍ നമ്മെ സംരക്ഷിക്കുന്ന പരിപാലിക്കുന്ന രക്ഷിതാവുമായി അല്‍പസമയം ചെലവഴിക്കാന്‍ നമുക്ക് കഴിയുന്നില്ല.
ഈ സ്നേഹം എത്രമാത്രം സത്യസന്ധമാണെന്ന് നാം വിചിന്തനം നടത്തുന്നത് നല്ലതാണ്. നമ്മുടെ വീട്ടില്‍ നാം കൂട്ടുകാരുമായി സംഗമിക്കുമ്പോള്‍, അല്ലെങ്കില്‍ ലോകകപ്പ് വരുമ്പോള്‍, അല്ലെങ്കില്‍ വീട്ടില്‍ സവിശേഷമായ ഒരു പ്രോഗ്രാം ഉണ്ടാകുമ്പോള്‍ അതിനുവേണ്ടി ഉറക്കമൊഴിക്കാന്‍ നാം റെഡിയാണ്. അത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തതിനുശേഷം മാത്രമേ നാം വിശ്രമിക്കുകയുള്ളൂ.
എന്നാല്‍ നമ്മെ സൃഷ്ടിച്ച നമുക്ക് ജീവവായുവും ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും മറ്റു ജീവിതസൗകര്യങ്ങളും എല്ലാം നല്‍കി പരിപാലിക്കുന്ന റബ്ബുമായി ഒരു അഞ്ചുമിനിറ്റ് ചിലവഴിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍, നമ്മുടെ കൂട്ടുകാരുമായി സംഗമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ആവേശം പോലും നമ്മുടെ റബ്ബുമായി സംഗമിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ നാം നമ്മുടെ റബ്ബില്‍ നിന്ന് എത്രയോ വിദൂരത്താണ്. അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടരായ ദാസന്മാരില്‍ നിന്ന് കാതങ്ങള്‍ അകലെയാണ്.
ഒരു ദിവസം 17 തവണ ഏറ്റവും ചുരുങ്ങിയത് നാം അല്ലാഹുവിനോട് ചോദിക്കുന്നത് സ്വാലിഹീങ്ങളുടെ വഴിയില്‍ ചേര്‍ക്കണേ എന്നാണെങ്കില്‍ ആ ചോദ്യം ഒന്ന് ഉള്ളറിഞ്ഞ് ആവേണ്ടതുണ്ട്. കാരണം അവരുടെ വഴി അല്ലാഹുവുമായി സല്ലപിക്കലും അവനുമായി ഒഴിഞ്ഞിരുന്നു സംസാരിക്കലുമാണ്.
ഒരാള്‍ വന്ന് ഇബ്രാഹിം ബ്നു അദ്ഹം(റ ) വിനോട് രാത്രിയില്‍ തഹജ്ജുദിന് എണീക്കാന്‍ കഴിയുന്നില്ലെന്ന് വേവലാതി പറഞ്ഞതായി നമുക്ക് ഗ്രന്ഥങ്ങളില്‍ കാണാം. അപ്പോള്‍ മഹാനുഭാവന്‍ കൊടുത്ത മറുപടി ഇപ്രകാരമാണ്: നീ പകല്‍ സമയത്ത് അല്ലാഹുവിനു എതിരു ചെയ്യരുത്. എന്നാല്‍ അല്ലാഹു നിന്നെ രാത്രിയില്‍ എഴുന്നേല്‍പ്പിക്കും.
കൂട്ടുകാരെ, നമുക്കും ഇബ്രാഹിമു അദ്ഹമിന്‍റെ ഈ ഉപദേശം ഉള്‍ചേര്‍ത്ത് വെക്കാം. പകല്‍ സമയത്ത് ഒരു മുസ് ലിമിനെക്കുറിച്ച് മോശമായി ചിന്തിക്കാതെ, പരദൂഷണം പറയാതെ, സുഹൃത്തുക്കള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ, ഹറാമിലേക്ക് നോക്കാതെ, ഹറാമായത് ചിന്തിക്കാതെ പരിശുദ്ധമായ കലിമ ഉള്‍ചേര്‍ത്ത് വെച്ച് നമുക്ക് പകലുകളെ ധന്യമാക്കാം. എന്നാല്‍ അല്ലാഹു നമ്മെ രാത്രിയില്‍ എഴുന്നേല്‍പ്പിക്കും. പക്ഷേ നമ്മുടെ ഏറ്റവും വലിയ ശത്രുവായ നമ്മുടെ തടി നമ്മെ വീണ്ടും ഉറക്കത്തിലേക്ക് വലിച്ചേക്കാം. എന്ത് തന്നെ വന്നാലും എന്നെ പടച്ച് പരിപാലിക്കുന്ന റബ്ബിന്‍റെ സന്തോഷം എനിക്ക് പരമപ്രധാനമാണെന്ന് ദൃഢനിശ്ചയത്തോടെ അല്ലാഹുവിന്‍റെ മുമ്പില്‍ രണ്ട് റക്അത്തെങ്കിലും നിസ്കരിക്കാന്‍ നാം തയ്യാറാകണം. റസൂല്‍ സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു: രണ്ടറക്കാത്തെങ്കിലും രാത്രിയില്‍ നിസ്കരിക്കുക. മഹതി ആയിഷ റളിയള്ളാഹു അന്‍ഹയുടെ വചനം കൂടി നമുക്ക് ചേര്‍ത്തു വായിക്കാം: നീ തഹജ്ജുദ് നിസ്കാരം ഉപേക്ഷിക്കരുത്. കാരണം റസൂല്‍ സല്ലല്ലാഹു അലൈഹി വസല്ലമ തഹജ്ജുദ് ഉപേക്ഷിക്കാറില്ലായിരുന്നു. നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് രോഗമോ മറ്റു വല്ല പ്രയാസമോ നേരിട്ടാല്‍ അവിടുന്ന് ഇരുന്നു നിസ്കരിക്കാറായിരുന്നു പതിവ്. അപ്പോള്‍ ഇരുന്നെങ്കിലും തഹജ്ജുദ് നിസ്കരിക്കണമെന്ന് നമുക്ക് ഈ മഹല്‍ വചനത്തില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹു അവന്‍റെ ഇഷ്ടദാസന്മാരില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ ആമീന്‍