Hits: 1

കുടുംബം


സലാം കൊപ്പം

‘ഫാത്തിമ എന്‍റെ കരളിന്‍റെ കഷ്ണമാണ്.چ തിരുദൂതര്‍(സ) യുടെ വചനമാണത്. സ്നേഹനിധിയായ ഒരു പിതാവില്‍ നിന്നുണ്ടാകുന്ന സ്നേഹപ്രകടനത്തിന്‍റെ വചന മധു ആ തിരുവാക്കില്‍ നമുക്ക് കാണാന്‍ സാധിക്കും.
മക്കള്‍ അനുഗ്രഹമാണ്. അല്ലാഹു നല്‍കുന്ന സമ്മാനമാണ്. സന്താന സൗഭാഗ്യം ലഭിക്കാത്തവന് അതിന്‍റെ പ്രാധാന്യം മനസ്സിലാകും. അതിന്‍റെ തീക്ഷണമായ ദുഃഖം തിരിച്ചറിയും. ഒരു കുഞ്ഞിക്കാല് കാണാന്‍ കൊതിച്ചുകഴിയുന്ന നിരവധിപേരെ നാം കണ്ടിട്ടുണ്ട്.
സകലരോടും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്ന പാവങ്ങള്‍. രാത്രിയുടെ ഇരുണ്ട യാമങ്ങളെ പകലുകള്‍ ആക്കി മാറ്റുന്ന സാധുക്കള്‍. കണ്ണീരുകൊണ്ട് കവിള് കഴുകുന്ന ദമ്പതികള്‍. കുട്ടികളില്ലാത്തവരുടെ വേദന തിരിച്ചറിയുമ്പോഴാണ് യാതൊരു പ്രയാസവുമില്ലാതെ നമുക്ക് അല്ലാഹു കനിഞ്ഞേകിയ കുട്ടികളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഫാത്തിമ എന്‍റെ കരളിന്‍റെ കഷ്ണമാണെന്ന് പറഞ്ഞ പ്രവാചകര്‍ (സ) മക്കളുടെ സ്ഥാനം പഠിപ്പിച്ചു തരുന്നുണ്ട്. കരളോളം പ്രാധാന്യമാണ് അവര്‍ക്ക് തിരുദൂതര്‍ നല്‍കുന്നത്.
തിരുനബി(സ) ഫാത്തിമ(റ) യെ ധാരാളമായി ഉമ്മ വയ്ക്കുമായിരുന്നു. വീട്ടില്‍നിന്ന് പുറത്തുപോകുമ്പോഴും തിരികെ വരുമ്പോഴും കവിളിലും ചുണ്ടുകളിലും തിരുനബി (സ) ഉമ്മ വയ്ക്കുമായിരുന്നു. അല്ലാഹു നല്‍കിയ സമ്മാനമാണ് സന്താനങ്ങള്‍ എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ തിരുദൂതരുടെ വാക്കുകളില്‍ ധാരാളമായി കാണാം.
കുട്ടികളുടെ വാസന സ്വര്‍ഗ്ഗീയ സുഗന്ധമാണെന്ന് തിരു ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
സ്വര്‍ഗ്ഗത്തിന്‍റെ വാസന ആസ്വദിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ഭൂമിയില്‍ ജീവിക്കുന്ന കാലത്ത് സ്വര്‍ഗ്ഗലോകത്തെ സുഗന്ധം മക്കളുടെ നെറ്റിത്തടത്തില്‍ നിന്നാണെന്ന തിരിച്ചറിവ് നമുക്ക് മഹാ പാഠങ്ങള്‍ പകര്‍ന്നു തരുന്ന വാക്കുകളാണ്.
നാം ആ സ്വര്‍ഗീയ സുഗന്ധം നിലനിര്‍ത്താനുള്ള പരിശ്രമം നടത്തണം. ആ ദൈവീക ആരാമങ്ങളുടെ നല്ല വാസന നിലനിര്‍ത്താനുള്ള പരിശീലനം അവര്‍ക്ക് നല്‍കണം. സുഗന്ധം നഷ്ടപ്പെടുന്ന അഥവാ നഷ്ടപ്പെടുത്തുന്ന ഒന്നും കുടുംബത്തില്‍ ഉണ്ടാകാതെ സൂക്ഷിക്കണം.
സ്വര്‍ഗീയ സുഗന്ധമായി തങ്ങളുടെ സന്താനങ്ങള്‍ നിലനില്‍ക്കാന്‍ വേണ്ടത് എന്തെല്ലാമാണെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. അനിസ്ലാമികമായ കാര്യങ്ങള്‍ നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആ സുഗന്ധത്തെ നശിപ്പിക്കാതിരിക്കാന്‍ കഠിനമായ ശ്രദ്ധ നിരന്തരം നമുക്കുണ്ടാകണം.
ഹറാമുകളുടെ തോഴരായി നാം മാറാതിരിക്കണം. അത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് നാം കരുതിയിരിക്കണം.
അല്ലാഹു നല്‍കിയ സുഗന്ധത്തെ നാം അവഗണിക്കരുത്. അനാവശ്യമായ വാക്കുകളിലൂടെ ആ സ്വര്‍ഗ്ഗീയ സുഗന്ധത്തെ അഭിസംബോധന ചെയ്യരുത്. സ്വര്‍ഗീയ സുഗന്ധത്തോട് നമുക്ക് വെറുപ്പ് ഉണ്ടാകരുത്.
പിശാച് കെണി ഒരുക്കി കാത്തിരിക്കുകയാണെന്ന് നാം തിരിച്ചറിയണം. സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവന്‍ തീര്‍ച്ചയായും ഭൂമിയിലെ ആ സ്വര്‍ഗ്ഗീയ സുഗന്ധത്തെ ഇല്ലായ്മ ചെയ്യാനുള്ള പരിശ്രമത്തില്‍ ആയിരിക്കുമെന്ന് നാം അറിയണം.
മാതാപിതാക്കള്‍ ആ സുഗന്ധത്തെ അകറ്റി നിര്‍ത്തരുത്. തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ സ്വര്‍ഗീയ സാന്നിധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുമെന്ന് ഉറപ്പിക്കണം.
മനുഷ്യന്‍റെ ഉള്ളിലെ വാശിയും വൈരാഗ്യവും ദുരാഗ്രഹങ്ങളും അല്ലാഹു നല്‍കിയ സ്വര്‍ഗീയ സുഗന്ധം കളഞ്ഞ് കുളിക്കും വിധം അപകടകരമാകുന്നത് നാം സൂക്ഷിക്കണം.
ഇമാം ഗസ്സാലി(റ) പറയുന്ന വാക്കുകള്‍ എത്ര മനോഹരമാണ്. പഠനാര്‍ഹമാണ്.
‘മക്കള്‍ മാതാപിതാക്കളുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ട അമാനത്താണ്. വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടതാണ്. കുട്ടിയുടെ മനസ്സ് വിലമതിക്കാനാകാത്ത രത്ന സമാനവും പരിശുദ്ധവുമാണ്. എന്തും സ്വീകരിക്കാന്‍ കഴിയുന്നതും തിډയുടെ സകല കുറിവരകളില്‍ നിന്നും മാറിയ വിശുദ്ധ അമാനത്താണ്.چ
വിശ്വസിച്ചേല്‍പ്പിച്ച അമാനത്ത് നാം കളങ്കമേല്‍ക്കാതെ സൂക്ഷിക്കണം. മോഷ്ടിക്കപ്പെടാതെ കാത്തു വെക്കണം. തിരിച്ച് ആവശ്യപ്പെടുന്ന ഘട്ടത്തില്‍ പരിക്കുകളില്ലാതെ തിരിച്ചേല്‍പ്പിക്കണം. പു ഴുക്കുത്തേല്‍ക്കാതെ കൈമാറണം. വില കുറയുന്ന വിധം യാതൊരു ന്യൂനതയും വരാതെ നോക്കണം. തന്നപ്പോഴുള്ള പരിശുദ്ധി ഒട്ടും ചോരാതെ തിരികെ നല്‍കുന്നത് വരെ നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല എന്ന് കരുതണം. വിലമതിക്കാനാകാത്ത മാണിക്യമാണ് മക്കള്‍ എന്ന ഇമാം ഗസ്സാലി(റ) യുടെ ബോധനം അര്‍ഹമായ തലങ്ങളില്‍ മാത്രമേ അവരെ അവരോധിക്കാവൂ എന്ന പാഠം കൈമാറുകയാണ്. അറിവിന്‍റെയും അച്ചടക്കത്തിന്‍റെയും തലങ്ങളില്‍ ഔന്നത്യപൂര്‍ണ്ണമായ സാന്നിധ്യങ്ങളായി മാറാന്‍ അവര്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആലസ്യം ഉണ്ടാവരുതെന്ന് ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു.
അഭിമാനകരമായ നിലനില്‍പ്പിന് ഉതകുന്ന പരിസരങ്ങള്‍ പഠന പഠനേതര സംരംഭങ്ങള്‍ക്കായി അവര്‍ക്ക് ഒരുക്കിക്കൊടുക്കാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ് എന്ന് ഇമാം ഗസാലി(റ) ബോധ്യപ്പെടുത്തുന്നു. ജീവിതയാത്രയില്‍ ഒരിടത്തും അവമതിക്കപ്പെടാതിരിക്കാന്‍ അന്തസ്സുള്ള വഴിയിടങ്ങളില്‍ അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുവാനുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും മാതാപിതാക്കളില്‍ നിന്നുണ്ടാവണം എന്ന ബോധ്യത്തിന്‍റെ കൈമാറ്റം ഇമാം ഗസ്സാലി(റ) ഇവിടെ എടുത്തു വയ്ക്കുന്നു.
മാതാപിതാക്കളുടെ സംസ്കാരവും സ്വഭാവവും പെരുമാറ്റവുമെല്ലാം കുട്ടികളുടെ വ്യക്തിത്വ വികാസത്തില്‍ സുപ്രധാന ഘടകമാണ്. കുട്ടികള്‍ ജനിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തിലും നിര്‍വഹിക്കപ്പെടേണ്ട ബാധ്യതകളെക്കുറിച്ചുള്ള ബോധം നിരന്തരമായ മാറ്റത്തിന് പ്രേരിപ്പിക്കണം.
ജീവിതത്തില്‍ തുടര്‍ന്നുപോകുന്ന അരുതായ്മകള്‍ ഒന്നൊന്നായി മാറ്റി മാതൃകാ ജീവിതം നയിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുമ്പോഴാണ് ഏല്‍പ്പിക്കപ്പെട്ട അമാനത്തിന്‍റെ കൈമാറ്റ ഘട്ടത്തില്‍ പരിശുദ്ധിയുടെ പത്തരമാറ്റിലാണ് അവരെന്ന് നമുക്ക് അഭിമാനപൂര്‍വ്വം ആശ്വസിക്കാന്‍ ആകുന്നത്.
പരിസരങ്ങളില്‍ നിന്ന് കടന്നു പിടിക്കുന്ന പായലുകള്‍ വിശ്വസിച്ചേല്‍പ്പിച്ച അമാനത്തിന്‍റെ വെളിച്ചം കെടുത്തുന്നത് നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ നാം നമ്മുടെ ബാധ്യത നിറവേറ്റിയവരാവില്ല.
സ്വര്‍ഗീയ സുഗന്ധങ്ങളെ നരകത്തിന്‍റെ ആഴങ്ങളിലേക്ക് തള്ളി വിടാതെ സൂക്ഷിക്കാന്‍, അമാനത്തിന്‍റെ പരിശുദ്ധി കാക്കാന്‍ പര്യാപ്തമായ ഇടങ്ങള്‍ നാം പരതണം. നമ്മുടെ വീടുകള്‍ അതിനു പാകമല്ലെങ്കില്‍ പരിശുദ്ധമായ സ്ഥാപനങ്ങള്‍ അതിനായി നാം ഒരുക്കണം. ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉതകുന്ന മാതൃകാ അധ്യാപകരിലൂടെ നമ്മുടെ ബാധ്യത നിര്‍വഹിക്കാന്‍ നമുക്ക് ആകണം.
സ്നേഹമുള്ള മാതാപിതാക്കളുടെ ധാര്‍മികമായ ഔന്നിത്യത്തിനായി കൂട്ടായ്മകള്‍ സൃഷ്ടിച്ച് നാഥന്‍ ഏല്‍പ്പിച്ച അമാനത്തിന്‍റെ പരിശുദ്ധി കാക്കാന്‍ നമുക്കാകണം. അതിനുള്ള അവിശ്രമമായ പരിശ്രമത്തിനായുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും അലസതയില്ലാതെ ആവിഷ്കരിക്കാന്‍ മാതാപിതാക്കള്‍ക്ക് ആകട്ടെ എന്നാണ് എന്‍റെ നിത്യ പ്രാര്‍ത്ഥന.

  • തുടരും-