Hits: 1

ബോധനം

സുല്‍ഫിക്കര്‍ അലി നിസാമി

മരണം വരിക്കാത്തവരായി ആരുമില്ല. ജനിച്ചാല്‍ മരിക്കണം. മരിക്കാന്‍ പക്ഷേ അധികമാര്‍ക്കും താല്‍പര്യമില്ല. ഈമാനിലായി മരിക്കണമെന്ന് ആഗ്രഹിക്കുന്നവനും ദീര്‍ഘായുസ്സിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. എഴുപത്തഞ്ചും എണ്‍പതും കഴിഞ്ഞവര്‍ക്കും ആയുസ്സ് ദീര്‍ഘിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതിലാണ് താല്‍പര്യം. പിടികൂടുമെന്ന് ഉറപ്പുള്ളവരും മരണത്തെ ഭയക്കുകയാണ്.
മനുഷ്യന്‍ ബുദ്ധിയുള്ളവനാണ്. പക്ഷേ പലപ്പോഴും ആ ബുദ്ധി ഉപയോഗിക്കുന്നതില്‍ പരാജയപ്പെടുകയാണവന്‍.
ജീവിതം എന്നാല്‍ നിശ്ചയിക്കപ്പെട്ട ഏതാനും ശ്വാസോച്ഛ്വാസങ്ങളാണ്. അവസാന ശ്വാസത്തിന്‍റെ അന്ത്യത്തിനാണ് മരണം എന്ന് പറയുന്നത്. ശരീരത്തില്‍ നിന്ന് ആത്മാവ് അവസാന ശ്വാസത്തിന്‍റെ അന്തിമഘട്ടത്തിലൂടെ എവിടേക്കോ പോകുന്നു. പിന്നെ ശരീരത്തിന് അനക്കമില്ല. ഒന്നു രണ്ട് ദിനംകൊണ്ട് മലിനമാകാന്‍ തുടങ്ങും. സംസ്കരിച്ചില്ലെങ്കില്‍ സകലരും മൂക്കുപൊത്തുന്ന ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും.
മരണം ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ നീക്കമാണ്. ഓരോ ശ്വാസവും മുകളിലേക്ക് വലിച്ചത് തിരികെ വന്നില്ലെങ്കില്‍ അത് അവസാന ശ്വാസം എന്ന് കരുതപ്പെടും. എപ്പോഴാണത് അവസാനത്തേതാകുക എന്ന് തീരുമാനിക്കാന്‍ നമുക്കാവില്ല.
സത്യത്തില്‍ മനുഷ്യന്‍ എത്രകാലം ജീവിച്ചുവോ അത്രയും കാലത്തെ അവന്‍റെ മരണം സംഭവിച്ചു എന്ന് അര്‍ത്ഥം. നാല്‍പ്പത്തഞ്ചാം വയസ്സില്‍ മരണപ്പെടുന്നവന്‍റെ നാല്‍പത്തി നാലാം വയസ്സില്‍ നില്‍ക്കുമ്പോള്‍, അവനറിയുന്നില്ല എന്‍റെ ഒരു വര്‍ഷമല്ലാത്ത മുഴുവന്‍ മരിച്ചു തീര്‍ന്നെന്ന്.
മനുഷ്യ ജീവിത നിമിഷങ്ങള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. അവസാന ശ്വാസത്തിന്‍റെ അന്ത്യം മരണത്തിന്‍റെ തുടക്കമാണെന്ന് അവന്‍ കരുതുന്നു. അത് മരണത്തിന്‍റെ അന്ത്യവും മറ്റൊരു ജീവിതത്തിന്‍റെ തുടക്കവുമാണ്.
കൊഴിഞ്ഞുപോകുന്ന ഓരോ ശ്വാസവും ബുദ്ധിമാനായ മനുഷ്യന്‍ ഈമാനിലാക്കുകയാണ് ചെയ്യുക. അവസാനശ്വാസം മാത്രം തൗഹീദിലാക്കുകയല്ല വേണ്ടത്. അതിനുവേണ്ടിയുള്ള കാത്തിരിപ്പ് ഒരുപക്ഷേ പരാജയത്തിന് വഴിയൊരുക്കും. തിരുദൂതര്‍(സ) പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്, പറഞ്ഞുതരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അതിങ്ങനെയാണ്:
ഒരിക്കല്‍ ദുഃഖിതനായിരിക്കുന്ന തിരുദൂതര്‍(സ)യുടെ അരികില്‍ ജിബ്രീല്‍(അ)വന്നു: അല്ലാഹു നിങ്ങളോട് സലാം പറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞു ജിബ്രീല്‍ ചോദിച്ചു:
ആരുടെ കാര്യത്തിലാണ് താങ്കള്‍ ദുഃഖിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ക്കിടയില്‍ തിരുറസൂല്‍(സ)പറഞ്ഞു: لاإله إلا الله محمد رسول الله യുടെ അഹ്ലുകാരുടെ കാര്യത്തിലാണെന്‍റെ പ്രയാസം. അവരുടെ അവസ്ഥ എന്തായിരിക്കും?
ഏറ്റവും പുണ്യം നിറഞ്ഞ തൗഹീദിന്‍റെ വാഹകരായി സദാ കഴിയുന്നവരുടെ മരണാനന്തര കാര്യങ്ങളെ സംബന്ധിച്ചുള്ള കൃത്യമായ ബോധനം കൈമാറാന്‍ ഉതകുന്നതായിരുന്നു തങ്ങളുടെ ചോദ്യത്തിനുള്ള ജിബ്രീലിന്‍റെ ഉത്തരം.
തൗഹീദിന്‍റെ അഹ്ലുകാര്‍ എങ്ങനെയെന്ന് കാണിക്കുകയാണ് ജിബ്രീല്‍(അ).
ഒരു ശ്മശാനത്തിലേക്ക് തിരു നബി(സ)യെ ജിബ്രീല്‍(അ) കൊണ്ടുപോകുന്നു. ഒരു നിഷേധിയുടെ ഖബറിനു മുകളില്‍ ചിറക് കൊണ്ടടിക്കുന്നു. ഖബറിനകത്തുള്ളവരോട് എണീക്കാന്‍ പറയുന്നു. അകത്തുനിന്ന് ഒരാള്‍ പുറത്തേക്ക് വരുന്നു. ഭയവിഹ്വലനായ അയാള്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ മുഖം വിവര്‍ണ്ണമാണ്. അയാളെ കാണാന്‍ പോലും പ്രയാസം തോന്നുന്നു. അസ്വസ്ഥനായി പുറത്തുവന്ന അയാളോട് ജിബ്രീല്‍(അ) തിരികെ പോകാന്‍ ആവശ്യപ്പെടുന്നു.
തുടര്‍ന്ന് തൗഹീദുമായി ജീവിച്ച് മരണമടഞ്ഞ മറ്റൊരാളുടെ ഖബറിനരികെയെത്തി ജിബ്രീല്‍(അ) ചിറക് കൊണ്ടടിച്ച് എണീക്കാന്‍ ആവശ്യപ്പെടുന്നു. ഖബറിനകത്ത് നിന്ന് സുസ്മേര വദനനായി ഒരാള്‍ പുറത്തുവരുന്നു. പാല്‍ പുഞ്ചിരി പൊഴിക്കുന്ന അയാള്‍ സന്തോഷത്തോടെ കലിമകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നു. സന്തോഷം കൊണ്ട് കരള് തുടിക്കുന്ന രംഗംകണ്ടശേഷം ജിബ്രീല്‍(അ) അദ്ദേഹത്തോട് തിരികെ പോകാന്‍ ആവശ്യപ്പെടുന്നു.
തിരുറസൂല്‍(സ)യുടെ ആശങ്ക അകറ്റുകയായിരുന്നു ജിബ്രീല്‍(അ). അല്ല, അനുഭവിക്കാനിരിക്കുന്ന മഹത്തായ ഒരു സൗഭാഗ്യത്തെ തന്‍റെ അനുചരര്‍ക്ക് ബോധ്യപ്പെടുത്താന്‍ വേണ്ടി അതിന്‍റെ നേര്‍ചിത്രം നബി(സ)ക്ക് മുന്നില്‍ വരച്ചിടുകയായിരുന്നു ജിബ്രീല്‍(അ).
ജിബ്രീല്‍(അ) പോയ ശേഷം തന്‍റെ അനുചരരെ വിളിച്ചുവരുത്തി നബി(സ) നടന്ന സംഭവങ്ങള്‍ വിവരിച്ചു കൊടുത്ത ശേഷം പറഞ്ഞു:
تموتون كما تعيشون وتبعثون كما تموتون
എങ്ങനെയാണോ നിങ്ങള്‍ ജീവിച്ചത്; അങ്ങനെയാണ് മരണം വരിക്കുക. എങ്ങനെയാണോ മരണം വരിച്ചത്; അങ്ങനെയാണ് പുനര്‍ജനിപ്പിക്കപ്പെടുകയും ചെയ്യുക.
സദാസമയവും തൗഹീദിലായി ജീവിക്കുന്നവന്‍റെ അവസാനവും തൗഹീദിലാകും. ഈമാനിലായി ജീവിച്ചവന്‍ ഈമാനിലായി മരിക്കും. ജീവിതകാലത്ത് തൗഹീദിന്‍റെ അനുഷ്ഠാനത്തെ പാടെ മാറ്റിനിര്‍ത്തിയവര്‍ മരണവേളയിലും അതുമായി ബന്ധമില്ലാതെയാകും. വിജയവഴി ആഗ്രഹിക്കുന്നവരുടെ മരണഘട്ടം ഉല്ലാസപൂര്‍ണ്ണമാക്കാനുള്ള സന്ദേശമാണ് തിരുനബി(സ) പഠിപ്പിക്കുന്നത്. ഓരോ ശ്വാസത്തിലും കലിമ വേണം. മരിക്കുന്ന ഓരോ നിമിഷവും തൗഹീദിലാക്കണം. അങ്ങനെ അവസാനഘട്ടത്തിലും ആത്മാവിന്‍റെ യാത്രയ്ക്ക് തൗഹീദിന്‍റെ അലങ്കാരമുണ്ടാക്കണം. അങ്ങനെ മരണം അന്തസ്സുള്ളതാക്കാനുള്ള ശ്രമങ്ങളാണ് പ്രഥമമായി നടക്കേണ്ടത്. ബുദ്ധിമാന്‍ മരണാനന്തര ജീവിതസൗഖ്യത്തെ ആദ്യം ഉറപ്പിക്കും. ഏത് നിമിഷവും നീങ്ങിയെത്തുന്ന മരണം ഉറപ്പിച്ച് ദുനിയാവില്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ വിജയി. സദാ തൗഹീദിലായി ജീവിക്കാനും അതുവഴി മരണസമയം കലിമകള്‍ ചേര്‍ത്ത് വെച്ച് പുഞ്ചിരി തൂകി മരണം വരിക്കാനും നമുക്കാകണം. അതിനുള്ള പരിശ്രമത്തിന്‍റെ വഴിയില്‍ മുന്നേറാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.